ഇഗ്‌നാസ്‌ പാദരെവ്‌സ്‌കിയും ഷൂ പോളിഷ് ചെയ്യുന്ന ബാലനും

 


അന്താരാഷ്‌ട്ര പ്രസിദ്ധിയാര്‍ജിച്ച ഏറ്റവും വലിയ പിയാനിസ്റ്റും സംഗീതജ്ഞനും ആയിരുന്ന  ഇഗ്‌നാസ്‌ പാദരെവ്‌സ്‌കി ഒരു കാലത്ത് പോളണ്ട് പ്രധാനമന്ത്രി കൂടിയായിരുന്നു. അദ്ദേഹത്തെക്കുറിച്ച് പ്രചാരത്തിലുള്ള ഒരു കഥയാണിത്.

ഒരിക്കല്‍ അദ്ദേഹം ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനായി ബോസ്റ്റണിലെത്തി. നഗരത്തിലെ തെരുവിലൂടെ നടക്കുകയായിരുന്ന അദ്ദേഹത്തെ ഒരു ബാലന്‍ സമീപിച്ച് അദ്ദേഹത്തിന്‍റെ ഷൂ പോളീഷ് ചെയ്ത് കൊടുക്കാമെന്ന് പറഞ്ഞു. 

ആ കുട്ടിയുടെ മുഖം ആകെ കറുത്ത് വൃത്തികേടായിരുന്നു. തന്‍റെ ഷൂ പോളിഷ് ചെയ്യാന്‍ സമ്മതിക്കുന്നതിനു പകരം പാദരെവ്‌സ്‌കി  ആ കുട്ടിയോട് ഇങ്ങനെ പറഞ്ഞു.

"ഷൂ പോളിഷ് ചെയ്യാന്‍ വരട്ടെ. നീയാദ്യം നിന്‍റെ മുഖം കഴുകി വൃത്തിയാക്കിയിട്ട് വരൂ. എങ്കില്‍ നിനക്ക് ഞാന്‍ കുറച്ച് പണം നല്‍കാം"

കുട്ടി വേഗം തന്നെ ഓടിപ്പൊയി അടുത്തുള്ള ഒരു പൈപ്പില്‍ തന്‍റെ മുഖം കഴുകി വൃത്തിയാക്കി വന്നു. പാദരെവ്‌സ്‌കി തന്‍റെ വാക്ക് പാലിച്ച് കൊണ്ട് അവനു കുറച്ച് നാണയങ്ങള്‍ നല്‍കി. 

ആ കുട്ടി ആ നാണയങ്ങള്‍ വളരെ സന്തോഷത്തോടെ വാങ്ങി. എന്നിട്ട് അവന്‍ അത് തിരികെ പാദരെവ്‌സ്‌കിയുടെ കയ്യില്‍ കൊടുത്ത് കൊണ്ട് പറഞ്ഞു. 

"സാര്‍, താങ്കള്‍ ഈ പണം കൊടുത്ത് നല്ല ഒരു മുടിവെട്ടുകാരനെകൊണ്ട് അങ്ങയുടെ മുടി വെട്ടി വൃത്തിയാക്കൂ!"

പാദരെവ്‌സ്‌കി സത്യത്തില്‍ അമ്പരന്നു പോയി. മറ്റെല്ലാവരെയും പോലെ അന്യന്‍റെ കുറ്റങ്ങള്‍ കണ്ടുപിടിക്കുന്ന കൂട്ടത്തില്‍ തന്‍റെ കുറ്റങ്ങളും കുറവുകളും ശ്രദ്ധിക്കാന്‍ അദ്ദേഹവും വിട്ട് പോയിരുന്നു. 


പ്രശസ്തരുടെ കൂടുതല്‍ കഥകള്‍

Post a Comment

0 Comments